ഇത് ഒരു യഥാര്‍ത്ഥ ആംഗലേയ താളിന്റെ പരിഭാഷയാണ്.

എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട

വിവര ശേഖരം വളരെ എളുപ്പം പകര്‍ത്താനുള്ള വലിയ സൌകര്യം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലോകത്തിനായി കാഴ്ചവെച്ചു.കമ്പ്യൂട്ടറുകള്‍ നമുക്കായി ഇതെപ്പോഴും ചെയ്തു തരുന്നു.

പക്ഷെ ചിലര്‍ക്കു് അതു് അത്ര എളുപ്പമാകുന്നതില്‍ താത്പര്യമില്ല! പകര്‍പ്പവകാശ വ്യവസ്ഥ , കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കു് “ഉടമകളെ” സൃഷ്ടിച്ചു. എന്നാല്‍ ഉടമകളധികവും പ്രോഗ്രാമുകളുടെ ശരിയായ സാധ്യതകള്‍ പൊതുജനങ്ങളിലെത്താതിരിക്കാനാണു് ശ്രദ്ധിയിച്ചതു്. നമ്മള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പകര്‍ത്താനും മാറ്റം വരുത്താനുമുള്ള ഏക അവകാശികളാകാനാണു് അവരുടെ ആഗ്രഹം

അച്ചടിയ്ക്കൊപ്പമാണു് –വന്‍തോതില്‍ പകര്‍പ്പെടുക്കാനുള്ള സാങ്കേതികവിദ്യ– പകര്‍പ്പവകാശ വ്യവസ്ഥയുടെ തുടക്കം. അച്ചടി എന്ന സാങ്കേതിക വിദ്യയ്ക്കു് യോജിച്ചതായിരുന്നു ആ പകര്‍പ്പവകാശ വ്യവസ്ഥ. എന്തെന്നാല്‍ അതു് അച്ചടിയന്ത്രം കൊണ്ടുള്ള വലിയതോതിലുള്ള പകര്‍പ്പെടുപ്പിനെയാണു് നിയന്ത്രിച്ചതു്. അതു് വായനക്കാരന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചിരുന്നില്ല. അച്ചടിയന്ത്രമൊന്നും കൈവശമില്ലാത്ത ഒരു സാധാരണ വായനക്കാരനു് പേനയും മഷിയും വച്ചു് പകര്‍പ്പെടുക്കാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല, അങ്ങനെ ചെയ്തവരെയാരേയും ശിക്ഷിച്ചിട്ടുമില്ല.

അച്ചടിയന്ത്രത്തേക്കാളും ഏറെ മികച്ചതാണു് ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ. വിവരം ഡിജിറ്റല്‍ രൂപത്തിലായാല്‍ അത് വളരെ എളുപ്പത്തില്‍ പകര്‍പ്പെടുക്കാനും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാനും സാധിക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഈ ഒരു സവിശേഷത തന്നെ അതിനെ പകര്‍പ്പവകാശം പോലൊരു വ്യവസ്ഥയ്ക്കു അനുയോജ്യമല്ലാത്തതാക്കുന്നു. സോഫ്റ്റ്‌വെയര്‍ പകര്‍പ്പവകാശ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനായി കൂടുതല്‍ വികൃതവും നിഷ്ഠൂരവുമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നതും ഇതുകൊണ്ടാണു്. “സോഫ്റ്റ്‌വെയര്‍ പ്രസാഥകരുടെ സംഘടന”(Software Publishers Association-SPA) സ്വീകരിച്ച നാലു് മാര്‍ഗ്ഗങ്ങള്‍ നോക്കു:

  • സ്വന്തം കൂട്ടുകാരനെ സഹായിക്കുന്നതിലും വലുതാണു് സോഫ്റ്റ്‌വെയര്‍ ഉടമയെ സന്തോഷിപ്പിയ്ക്കുന്നതെന്നും, ഉടമയെ അനുസരിയ്ക്കാതിരിയ്ക്കുന്നതു് തെറ്റാണെന്നും ഉള്ള വമ്പന്‍ കുപ്രചരണങ്ങള്‍
  • സഹപ്രവര്‍ത്തകരെ കുറിച്ചു് ഒറ്റികൊടുക്കാന്‍ ആള്‍ക്കാരേ ചട്ടം കെട്ടുക
  • വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും റെയ്ഡുകള്‍(പോലീസ് സഹായത്തോടെ) നടത്തുകയും, “അനധികൃത” പകര്‍പ്പിനു് അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുക.
  • പകര്‍പ്പെടുത്തതിനല്ല, പകര്‍പ്പെടുക്കാനുള്ള സാധ്യത നീക്കാത്തിനും അതു് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തതിനും എംഐറ്റിയിലെ ഡേവിഡ് ലാമാക്കിയ പോലുള്ളവരെ ശിക്ഷിയ്ക്കുക (അതും SPA യുടെ നിര്‍ദ്ദേശാനുസരണം അമേരിക്കന്‍ ഗവണ്‍മെന്റ് ചെയ്യുന്നു). കൂടാതെ അയാള്‍ പകര്‍പ്പെടുത്തതായി തെളിവൊന്നുമില്ലതാനും. [1]

ഈ നാലു് രീതികള്‍ക്കും പണ്ടത്തെ സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന ചില മാര്‍ഗ്ഗങ്ങളോടാണു് സാദൃശ്യം. സോവിയറ്റ് യൂണിയനില്‍ ഓരോ പകര്‍പ്പു് യന്ത്രത്തിനും അനധികൃത പകര്‍പ്പു് നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടായിരുന്നു. അവിടെ സാധാരണക്കാരനു് പകര്‍പ്പെടുക്കണമെങ്കില്‍ അതു് വളരെ രഹസ്യമായി ചെയ്തു് രഹസ്യമായി തന്നെ കൈമാറണമായിരുന്നു. ഇതുതമ്മിലുള്ള വ്യത്യാസം, സോവിയറ്റ് യൂണിയനില്‍ വിലക്കിനു് രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നെങ്കില്‍, അമേരിക്കയില്‍ ലാഭമായിരുന്നു ലക്ഷ്യം എന്നതാണു്. പക്ഷെ ലക്ഷ്യമല്ലല്ലോ ചെയ്തിയല്ലെ നമ്മെ ബാധിക്കുന്ന പ്രശ്നം. അറിവു് പങ്കുവയ്ക്കുന്നതു് തടയാനുള്ള ‌ഏതു് ശ്രമവും, അതു് എന്തിനുവേണ്ടിയായിരുന്നാലും, ഇതേ നിന്ദ്യമായ മാര്‍ഗ്ഗങ്ങളിലേക്കു് നയിക്കും.

അറിവു്, നാം എങ്ങിനെ ഉപയോഗിക്കണമെന്നു് നിശ്ചയിക്കാനുള്ള അധികാരം ഉടമകള്‍ക്കുമാത്രമാണെന്നു് സമര്‍ത്ഥിക്കുന്നതിനായി അവര്‍ നിരവധി വാദങ്ങള്‍ മുഖങ്ങള്‍ നിരത്തുന്നു.

  • പേരു വിളിക്കല്‍.

    കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ഭൌതിക വസ്തുക്കളും ഒന്നാണെന്ന കാഴ്ചപ്പാടു് വരാനായി സവിശേഷമായ രീതിയിലാണു് അവര്‍ വാക്കുകളുപയോഗിക്കുന്നതു്. “പൈറസി”, “മോഷണം” തുടങ്ങിയ ലളിത പദങ്ങളില്‍ തുടങ്ങി “ബൌദ്ധിക സ്വത്തു്”, “നാശനഷ്ടം”, പോലുള്ള വിദഗ്ദ്ധര്‍ക്കുള്ള അബദ്ധവാക്കുകള്‍ വരെ ഇതിനുദാഹരണങ്ങളാണു്.

    ഭൌതിക വസ്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ചുള്ള നമ്മുടെ മൂല്യങ്ങള്‍, ഒരാളുടെ പക്കല്‍ നിന്നും ഒരു വസ്തു എടുത്തുമാറ്റുന്നതു്ശരിയാണോ എന്നുള്ളതു് അടിസ്ഥാനമാക്കിയാണു്. ഇതിനു് ഒരു വസ്തുവിന്റെ പകര്‍പ്പുണ്ടാക്കുന്നതുമായി യാതൊരു ബന്ധവുമില്ല. പക്ഷെ ഉടമകള്‍ ഈ വസ്തുതയെ അങ്ങനെ കാണാന്‍ നിര്‍ദ്ദേശിയ്ക്കുന്നു.

  • പെരിപ്പിച്ചു കാണിയ്ക്കല്‍.

    ഉപഭോക്താക്കള്‍ പ്രോഗ്രാമുകളുടെ പകര്‍പ്പെടുക്കുന്നതു് ഉടമകള്‍ക്കു് “സാമ്പത്തിക നഷ്ടവും” “ഉപദ്രവും” ആണെന്നാണവരുടെ വാദം.പക്ഷെ പകര്‍പ്പെടുപ്പു് ഉടമകളേ നേരിട്ടു് ബാധിയ്ക്കുന്നില്ലെന്നുമാത്രമല്ല അതാരേയും ഉപദ്രവിയ്ക്കുന്നുമില്ല. പകര്‍പ്പെടുക്കുന്ന ഓരോ ആളും ,അതാല്ലായിരുന്നെങ്കില്‍ ഉടമയ്ക്ക് പണം കൊടുത്തു് അതു് വാങ്ങുമായിരുന്നു ,എന്നാണെങ്കില്‍ മാത്രമാണു് ഉടമയ്ക്കു് ഇപ്പറഞ്ഞ നഷ്ടം സംഭവിയ്ക്കുന്നതു്.

    പക്ഷെ പകര്‍പ്പെടുക്കുന്ന എല്ലാവരും പണം കൊടുത്തു് വാങ്ങാന്‍ തയ്യാറാവില്ല എന്നതു് ഒന്നു ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണു്.എന്നിട്ടും ഉടമകള്‍ ആ “നഷ്ടം” കണക്കാക്കുന്നു. ഇതു് സൌമ്യമായി പറഞ്ഞാല്‍ പെരുപ്പിച്ചു കാണിയ്ക്കലാണു്.

  • നിയമം.

    ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമങ്ങളേ പറ്റിയും അതനുസരിച്ചില്ലെങ്കില്‍ ചുമത്തപ്പെടാവുന്ന കനത്ത പിഴകളേ പറ്റിയും ഉടമകള്‍ ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടു്. ഈ ചെയ്തികളിലൂടെ അവര്‍ പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്, ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമവും അതു് അനുശാസിയ്ക്കന്ന ശരിതെറ്റുകളും, ചോദ്യം ചെയ്യാന്‍ പറ്റാത്തവയാണു് എന്ന സന്ദേശമാണു് —അതേസമയം ആരേയും പഴിപറയാതെ, ഈ പിഴയും ശിക്ഷയും പ്രകൃതി നിയമങ്ങളെന്നപോലെ ശിരസാവഹിക്കാന്‍ അത് നമ്മെ പ്രേരിപ്പിക്കുന്നു.

    ഈ രീതിയിലുള്ള പ്രചരണങ്ങള്‍ക്കു് വിമര്‍ശനാത്മകമായ ഒരു വിശകലനത്തെ താങ്ങാനുള്ള ശേഷിയില്ല മറിച്ചു് , നിയമങ്ങള്‍ക്ക് വിധേയനായിരിക്കണം എന്ന മനസ്സിന്റെ സ്വാഭാവിക സങ്കല്‍പ്പത്തെ ഉട്ടിഉറപ്പിയ്ക്കാനെ അതു് ഉതകുകയുള്ളു.

    നിയമങ്ങള്‍ എപ്പോഴും ശരിതെറ്റുകളെ വേര്‍തിരിയ്ക്കുമെന്നു് പറയാനാവില്ല. എല്ലാ അമേരിക്കകാരനും അറിയാവുന്നതാണു്, 1950-കളില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ ഒരു ബസ്സിന്റെ മുമ്പില്‍ ഇരിക്കുന്നതു് ഒട്ടുമിക്ക സംസ്ഥാനത്തും നിയമത്തിനെതിരായിരുന്നു എന്നതു്. വര്‍ഗ്ഗീയവാദികള്‍ മാത്രമേ ഈ നിയമങ്ങളെ അനുകൂലിയ്ക്കു.

  • മൌലികാവകാശങ്ങള്‍.

    എഴുത്തുകാര്‍ അവരെഴുതിയ പ്രോഗ്രാമുകളുടെ മേല്‍ പലപ്പോഴും ഒരു പ്രത്യേക അധികാരം അവകാശപ്പെടാറുണ്ടു് മാത്രമല്ല, ഇപ്പറഞ്ഞ അധികാരത്തിന്റെ പുറത്ത്,അവര്‍ സ്വന്തം ആഗ്രഹാഭിലാഷങ്ങള്‍ക്കു് മറ്റെല്ലാവരുടേയും (എന്നുവച്ചാല്‍ പലപ്പോഴും ലോകത്തുള്ള മറ്റെല്ലാവരുടേയും)താത്പര്യങ്ങളേക്കാള്‍ വില കല്പിയ്ക്കുന്നു.(സാധാരണയായി എഴുതുന്നവര്‍ക്കല്ല, കമ്പനിയ്ക്കാണു് പ്രോഗ്രാമിന്റെ പകര്‍പ്പവകാശം എന്ന വ്യത്യാസം നമുക്കവഗണിക്കാം.)

    —എഴുത്തുകാരനാണു് നിങ്ങളേക്കാള്‍ പ്രാധാന്യം — എന്ന നൈതികതയുടെ വിഷയമായാണു് നിങ്ങള്‍ പറയുന്നതെങ്കില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സോഫ്റ്റ്‌വെയര്‍ എഴുത്തുകാരനായ എനിയ്ക്കു് പറയാനുള്ളതു്, അതിലൊരു കഴമ്പുമില്ല എന്നാണു്.

    പക്ഷെ ആളുകള്‍ക്കു് പൊതുവെ ഇവരുടെ മൌലിക അവകാശ വാദങ്ങളോടു് മമത തോന്നുന്നെങ്കില്‍ അത് രണ്ടു് കാരണങ്ങളാല്‍ മാത്രമായിരിയ്ക്കും.

    അതിലൊന്നു്, സോഫ്റ്റ്‌വെയറുകളെ ഭൌതിക വസ്തുക്കളുമായി ഒരളവില്‍ കവിഞ്ഞു് താരതമ്യപ്പെടുത്തുന്നതാണു്. ഞാനുണ്ടാക്കിയ പരിപ്പുവട വേറാരെങ്കിലും കഴിക്കുന്നതു് എനിയ്ക്കു് സമ്മതമല്ല എന്തെന്നാല്‍ അപ്പോള്‍ എനിയ്ക്കതു് കഴിക്കാന്‍ പറ്റില്ല. ആ പ്രവൃത്തി അയാള്‍ക്കെത്ര ഗുണംചെയ്യുന്നുവോ അത്രയും ദോഷം അതെനിയ്ക്കും ഉണ്ടാക്കുന്നു. ഇതിലേതാണു് നന്മ? ഞങ്ങള്‍ തമ്മിലുള്ള ചെറിയ ഏറ്റകുറച്ചില്‍ പോലും സന്മാര്‍ഗ്ഗികതയുടെ സന്തുലിതാവസ്ഥയെ തകിടം മറിയ്ക്കും.

    പക്ഷെ ഞാനെഴുതിയ ഒരു പ്രോഗ്രാം നിങ്ങള്‍ ഉപയോഗിയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതു് നിങ്ങളേ മാത്രം നേരിട്ട് ബാധിയ്ക്കുന്ന കാര്യമാണു്. അതെന്നെ പരോക്ഷമായേ ബാധിക്കുന്നുള്ളു. നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനു്​ എന്റെ പ്രോഗ്രാമിന്റെ പകര്‍പ്പു് കൊടുക്കുന്നതു് എന്നെ ബാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ രണ്ടുപേരേയാണു് ബാധിയ്ക്കുന്നതു്. ആ പ്രവൃത്തി ചെയ്യരുതെന്നു് പറയാനുള്ള അവകാശം എനിയ്ക്കുണ്ടാകരുതാത്തതാണു്.ആര്‍ക്കും ഉണ്ടാകരുതാത്തതാണു്

    രണ്ടാമത്തെ കാരണം, എഴുത്തുകാരുടെ മൌലിക അവകാശങ്ങള്‍ സമുഹത്തിന് സ്വീകാര്യമായതും, ചോദ്യം ചെയ്യപ്പെടാതെ നിലനിലനില്‍ക്കുന്ന കീഴ്‌വഴക്കങ്ങളാണെന്നും ഉള്ള ധാരണയാണു്.

    എന്നാല്‍ ചരിത്രപരമായി, സത്യം മറിച്ചാണു് .അമേരിക്കന്‍ ഭരണഘടനാ നിര്‍മ്മാണത്തില്‍, എഴുത്തുകാരുടെ മൌലികാവകാശങ്ങള്‍ അവതരിപ്പിച്ചപ്പോള്‍, ആ ആശയം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തിരസ്കരിക്കപ്പെടുകയാണുണ്ടായതു്. അതുകൊണ്ടു്, പകര്‍പ്പവകാശം അനുവദിയ്ക്കുകയാണു് ഭരണഘടന ചെയ്യുന്നതു് അനുശാസിയ്ക്കുകയല്ല.അതുതന്നെയാണു് പകര്‍പ്പവകാശം താത്കാലികമാക്കാനും കാരണം. പകര്‍പ്പവകാശത്തിന്റെ ലക്ഷ്യം പുരോഗതിയെ പ്രോത്സാഹിപ്പിയ്ക്കാനാണെന്നും അതു് എഴുത്തുകാര്‍ക്കുള്ള പ്രതിഫലമല്ലെന്നും ഭരണഘടന പ്രസ്താവിയ്ക്കുന്നു. പകര്‍പ്പവകാശം ഒരു പരിധി വരെ എഴുത്തുകാര്‍ക്കും അതില്‍ ക്കൂടുതല്‍ പ്രസാധകര്‍ക്കും പ്രതിഫലം കൊടുക്കുന്നു.പക്ഷെ അതവരുടെ പെരുമാറ്റ പരിഷ്കരണത്തിനാണു്.

    പകര്‍പ്പവകാശം സാധാരണക്കാരന്റെ മൌലികാവകാശത്തെ കീറിമുറിക്കുന്നതാണു് എന്നാണു് സമൂഹത്തിന്റെ വ്യവസ്ഥാപിതമായ ഉറച്ച വിശ്വാസം —പൊതുസമൂഹത്തെപ്രതി മാത്രമേ ഇതു് ന്യായീകരിയ്ക്കാന്‍ കഴിയു.

  • സാമ്പത്തിക ശാസ്ത്രം.

    “ഉടമകള്‍” വേണമെന്നു പറയുന്നതിനായുള്ള അവസാനത്തെ വാദം,അത് കൂടുതല്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാകാന്‍ സഹായിക്കുന്നു എന്നുള്ളതാണു്.

    മറ്റു വാദങ്ങളെ അപേക്ഷിച്ച് ഇതു് ന്യായമായ ഒരു സമീപനമെങ്കിലും കാഴ്ചവെയ്ക്കുന്നു. ഉപഭോക്താക്കളെ സംതൃപ്തരാക്കുക എന്ന നീതിയുക്തമായ ഒരു ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണു് ഈ വാദം. കൂടുതല്‍ പ്രതിഫലം കിട്ടിയാല്‍ കൂടുതല്‍ നല്ല സാധനങ്ങള്‍ ഉണ്ടാക്കും എന്നത് പ്രത്യക്ഷത്തില്‍ വ്യക്തവുമാണു്.

    പക്ഷെ ഈ വാദത്തില്‍ ഒരു തെറ്റുണ്ടു്. എത്രത്തോളം പണം കൊടുക്കേണ്ടി വരുമെന്ന വ്യത്യാസം മാത്രമാണു് പ്രശ്നം എന്ന അടിസ്ഥാനത്തിലാണു് ഈ വാദം ഉന്നയിക്കുന്നതു്. ഉടമസ്ഥര്‍ ഉണ്ടായാലും ഇല്ലെങ്കിലും, കൂടുതല്‍ സോഫ്റ്റ്‌വെയര്‍ ഉത്പാദിപ്പിയ്ക്കുക എന്നാണു് ലക്ഷ്യം എന്ന് ഈ വാദം സാധൂകരിയ്ക്കുന്നു.

    ഭൌതിക വസ്തുക്കളുമായുള്ള നമ്മുടെ അനുഭവം അങ്ങനെയായതു കൊണ്ടു് ജനങ്ങള്‍ അതു് സര്‍വ്വാത്മനാ സ്വീകരിക്കുന്നു. ഒരു ഉഴുന്നുവടയുടെ കാര്യമെടുക്കു. ഒരേ തരത്തിലുള്ള ഉഴുന്നുവട നിങ്ങള്‍ക്കു് വിലയ്ക്കും വെറുതെയും കിട്ടിയേക്കാം. അങ്ങനെയാണെങ്കില്‍ പണം മാത്രമാണു് വ്യത്യാസം. നിങ്ങള്‍ അതു് വാങ്ങിയാലും ഇല്ലെങ്കിലും ഈ രണ്ടു് ഉഴുന്നുവട തമ്മില്‍ സ്വാദിലോ, പോഷകാംശത്തിലോ, ഒരു വ്യത്യാസവുമില്ല. ഓരോ ഉഴുന്നുവടയും ഒരു തവണയെ കഴിക്കാന്‍ പറ്റുകയുമുള്ളു. വെറുതെയാണോ വിലയ്ക്കാണോ കിട്ടുന്നതു് എന്നതു് അതിന്റെ ഉപയോഗത്തെ ഒരു തരത്തിലും ബാധിയ്ക്കുന്നില്ല; അതിനും ശേഷം നിങ്ങളുടെ കൈയ്യില്‍ അവശേഷിക്കുന്ന പണത്തെ ഒഴിച്ചു്.

    ഏതു് തരത്തിലുള്ള ഭൌതിക വസ്തുവിന്റെ കാര്യത്തിലും ഇതു് സത്യമാണു് . അതിനു് ഉടമ ഉണ്ടോ ഇല്ലയോ എന്നതു് അതെന്താണെന്നോ നിങ്ങള്‍ വാങ്ങിച്ചാല്‍ അതുപയോഗിച്ചു് എന്തു് ചെയ്യാമെന്നുള്ളതിനേയോ യാതൊരു തരത്തിലും ബാധിയ്ക്കുന്നില്ല.

    പക്ഷെ, ഉടമസ്ഥതയിലുള്ള ഒരു പ്രോഗ്രാം നിങ്ങള്‍ വാങ്ങുമ്പോള്‍, ആ പ്രോഗ്രാം എന്താണെന്നും, അതു് വാങ്ങിയാല്‍ നിങ്ങള്‍ക്കെങ്ങിനെ ഉപയോഗിക്കാം എന്നും ഉള്ളതിനെ അതു് സാരമായി ബാധിയ്ക്കും. ഇവിടെ വ്യത്യാസം പണത്തില്‍ മാത്രമല്ല. സോഫ്റ്റ്‌വെയറുകള്‍ക്കു് ഉടമകള്‍ വേണമെന്നു പറയുന്ന വ്യവസ്ഥ ഉടമകളെ കൂടുതല്‍ സോഫ്റ്റ്‌വെയറുണ്ടാക്കാന്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിയ്ക്കുന്നു-അതുപക്ഷെ സമൂഹത്തിനു് ശരിക്കും ആവശ്യമുള്ളതായിരിക്കണമെന്നില്ല. ഇതു് പ്രത്യക്ഷമല്ലാത്ത നൈതിക മലിനീകരണത്തിനു തന്നെ വഴിവയ്ക്കുന്നു.

സമുഹത്തിനു് എന്താണാവശ്യം?.അതിനു് അറിവു് ആവശ്യമാണു്.ആ അറിവു് സമൂഹത്തിലെ എല്ലാ പൌരന്‍മാര്‍ക്കും പ്രാപ്യവുമായിരിക്കണം.ഉദാഹരണത്തിനു് ഉപയോഗിയ്ക്കാന്‍ മാത്രമല്ലാത്ത, വായിക്കാനും ,തിരുത്താനും,രൂപാന്തരം വരുത്താനും ,മെച്ചപ്പെടുത്താനും ഒക്കെ കഴിയുന്ന പ്രോഗ്രാമുകള്‍. പക്ഷെ ഉടമകള്‍, സോഫ്റ്റ്‌വെയര്‍ സാധാരണായി വിതരണം ചെയ്യുന്നതു് പഠിയ്ക്കാനോ മാറ്റം വരുത്താനോ പറ്റാത്ത ഒരു മാന്ത്രികപ്പെട്ടിയായാണു്

സമൂഹത്തിനു് സ്വാതന്ത്ര്യവും ആവശ്യമാണു്. ഒരു പ്രോഗ്രാമിനൊരു ഉടമസ്ഥനുണ്ടായിരിക്കുന്നതു്, ഉപയോക്താക്കളെ സംബന്ധിച്ചടുത്തോളം, വ്യക്തി സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നു കയറ്റമാണു്.

സര്‍വ്വോപരി സമൂഹം ആഗ്രഹിയ്ക്കുന്നതു് അതിലെ പൌരന്മാരുടെ പരസ്പര സഹകരണമാണു്. നമ്മുടെ അയല്‍ക്കാരെ സ്വാഭവികമായി സഹായിക്കുന്നതു് “കടല്‍ക്കൊള്ള (piracy)”-യാണു് എന്നു് സോഫ്റ്റ്‌വെയറിന്റെ ഉടമകള്‍ പറയുമ്പോള്‍ അത് നമ്മുടെ പൌര ബോധത്തെ മലീമസമാക്കുന്നു.

അതുകൊണ്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും വിലയുടെ പ്രശ്നമല്ലെന്നും നമ്മള്‍ പറയുന്നതു്.

ഉടമസ്ഥരുടെ സാമ്പത്തിക വാദമുഖങ്ങള്‍ അബദ്ധ ജഡിലമാണു്, പക്ഷെ അതിന്റെ സാമ്പത്തിക വശം സത്യമാണ്. ചിലര്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നത് അതിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന ആനന്ദത്തിനും അംഗീകാരത്തിനും പ്രീതിക്കും വേണ്ടിയാണു്. പക്ഷെ അതിലുപരിയുള്ള ആവശ്യങ്ങള്‍ക്കു് നാം പണം കണ്ടെത്തണം.

1980-കള്‍ മുതല്‍ സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ പണം സ്വരൂപിയ്ക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടുണ്ടു്. ആരേയും പണക്കാരനാക്കേണ്ട ആവശ്യമില്ല; പ്രോഗ്രാമിങ്ങിനേക്കാള്‍ കുറവു സംതൃപ്തി തരുന്ന മറ്റു പല ജോലികള്‍ക്കും ശരാശരി വരുമാനം തന്നെ തൃപ്തിപ്പെടുത്തുന്നതാണു്.

ഒരു ഫെലോഷിപ്പു കിട്ടുന്നതു വരെ,എന്റെ ഉപജീവനമാര്‍ഗ്ഗം, ഞാനെഴുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രത്യേകമായ രൂപമാറ്റങ്ങളും, മെച്ചപ്പെടുത്തലുകളും നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തി.ഈ ഓരോ മെച്ചപ്പെടുത്തലുകളും ആ സോഫ്റ്റ്‌വെയറിന്റെ പ്രധാന വിതരണ പതിപ്പിന്റെ കൂടെ ചേര്‍ത്തിരുന്നതിനാല്‍,അതൊക്കെ പൊതുജനത്തിനു ലഭ്യമായി. കക്ഷികള്‍ എനിക്കു പ്രതിഫലം തന്നപ്പോള്‍ അവര്‍ക്കു വേണ്ട രീതിയിലുള്ള മെച്ചപ്പെടുത്തലുകളാണ് ഞാന്‍ നിര്‍മ്മിച്ചതു്,അല്ലാതെ ഏറ്റവും പ്രധാനപ്പെട്ട മെച്ചപ്പെടുത്തലുകളെന്ന് ഞാന്‍ കരുതിയവയല്ല.

ചില സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ സാങ്കേതിക സഹായം നല്‍കുന്നതിലൂടെ പ്രതിഫലം പറ്റുന്നു. 1994-ല്‍ 50-ഓളം തൊഴിലാളികളുള്ള‍ സിഗ്നസ് (Cygnus) സപ്പോര്‍ട്ട്-ന്റെ കണക്കനുസരിച്ചു് അതിന്റെ 15% പ്രവര്‍ത്തനം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണമാണു്- ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയേ സംബന്ധിച്ചിടത്തോളം ആദരണീയമായ ഒരു ശതമാനമാണതു്.

1990-കളുടെ തുടക്കത്തില്‍, ഇന്റല്‍, മോട്ടോറോള, ടെക്സാസ് ഇന്‍സ്ട്രുമെന്റ്, അനലോഗ് ഡിവൈസെസ് എന്നിവരുടെ കൂട്ടായ്മ ഗ്നു വിന്റെ സി പ്രോഗ്രാമിങ്ങു് ഭാഷയ്ക്കുള്ള കമ്പൈയലറിനായി പണം സ്വരൂപിച്ചിരുന്നു. ഇപ്പോഴും ജിസിസി-യുടെ ഏതാണ്ടെല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചെയ്യുന്നതു് പ്രതിഫലം പറ്റുന്ന ഡെവലപ്പര്‍മാരാണു്. അഡ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷയ്ക്കുള്ള കമ്പൈലര്‍ നിര്‍മ്മിയ്ക്കാന്‍ 90-കളില്‍ അമേരിക്കന്‍ വ്യോമ സേന പണം അനുവദിച്ചു, അതിനു് ശേഷം, ഇക്കാര്യത്തിനു് മാത്രമായി രൂപീകരിച്ച ഒരു കമ്പനിയാണതു് ചെയ്യുന്നതു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇപ്പോഴും ശൈശവ ദശയിലാണു്. പക്ഷെ ഓരോ ഉപയോക്താവിന്റെ പക്കല്‍ നിന്നും നിര്‍ബന്ധമായി പണം വാങ്ങാതെ ഒരു വലിയ പ്രസ്ഥാനം നിലനിര്‍ത്തികൊണ്ടു് പറ്റും എന്നതിനു്, ശ്രോതാക്കളുടെ സഹായത്തോടെ, അമേരിക്കയില്‍, പ്രവര്‍ത്തിയ്ക്കുന്ന റേഡിയോ തെളിവാണു്.

ഒരു കമ്പ്യൂട്ടര്‍ ഉപയോക്താവെന്ന നിലയില്‍ നിങ്ങള്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നുണ്ടാകാം. സുഹൃത്തു് ഒരു പകര്‍പ്പാവശ്യപ്പെട്ടാല്‍ നിഷേധിയ്ക്കുന്നതു് ശരിയല്ല. പകര്‍പ്പവകാശത്തേക്കാള്‍ പ്രാധാന്യം പരസ്പരസഹകരണത്തിനാണു്. നിയമ വിധേയമല്ലാത്ത രഹസ്യ ധാരണയിലൂന്നിയുള്ള സഹകരണമല്ല ഒരു നല്ല സമൂഹത്തിനാവശ്യം. ഒരു മനുഷ്യന്‍ നിവര്‍ന്നു് നിന്ന് അഭിമാനത്തോടെ അന്തസ്സോടെ ജീവിക്കണമെങ്കില്‍ കുത്തക സോഫ്റ്റ്‌വെയര്‍ നിരാകരിയ്ക്കണം.

സോഫ്റ്റ്‌വെയറുപയോഗിയ്ക്കുന്ന മറ്റുള്ളയാള്‍ക്കാരുമായി സ്വാതന്ത്ര്യത്തോടെ നിര്‍ഭയമായി സഹകരിയ്ക്കാന്‍ നിങ്ങളെന്തുകൊണ്ടും അനുയോജ്യനാണു്.സോഫ്റ്റ്‌വെയറെങ്ങിനെ പ്രവര്‍ത്തിയ്ക്കുന്നു എന്നറിയാനും അത് വിദ്യാര്‍ത്ഥികള്‍ക്കു് പകര്‍ന്നുകൊടുക്കാനും നിങ്ങള്‍ അര്‍ഹരാണു്.നിങ്ങളുടെ സോഫ്റ്റ്‌വെയറിനു് തകരാര്‍ സംഭവിയ്ക്കുമ്പോള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ട വിദഗ്ദ്ധനെ അതു പരിഹരിയ്ക്കാനായി ചുമതലപ്പെടുത്താനുള്ള അധികാരം കൈയ്യാളാന്‍ നിങ്ങള്‍ക്കര്‍ഹതയുണ്ടു്.

നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അര്‍ഹിക്കുന്നു.

അടിക്കുറിപ്പ്

  1. പിന്‍ക്കാലത്ത് ചാര്‍ജ്ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

അറിവിന്റെ തികവു് ബുദ്ധിയിലേയ്ക്കും ബുദ്ധിയുടെ വികാസ പരിണാമങ്ങള്‍ നന്മയുടേയും സ്നേഹത്തിന്റെയും വറ്റാത്ത ഉറവിടങ്ങളിലേയ്ക്കും നയിയ്ക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണു് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. മനുഷ്യ സമുഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണ്ണായക പങ്കു വഹിയ്ക്കുമെന്നു് ഉറപ്പുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഭീമന്മാരുടെ കരാള ഹസ്തങ്ങളില്‍ നിന്നും ദുഷ്ടലാക്കുകളില്‍ നിന്നും, മനുഷ്യാവകാശധ്വംസനങ്ങളില്‍ നിന്നും സ്വതന്ത്രമാക്കി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതാണു് റിച്ചാര്‍ഡ് സ്റ്റാള്‍മാനെ ഏറ്റവും വലിയ മനുഷ്യ സ്നേഹിയാക്കുന്നതു്. ആര്‍ഷ ഭാരത സംസ്കാരത്തിന്റെ കാതലായ, വസുധൈവ കുടുമ്പകം എന്ന ആശയത്തോടു് യോജിച്ചുകൊണ്ടു് സ്വാതന്ത്ര്യത്തിന്റേയും പരസ്പര സഹകരണത്തിന്റേയും പക്ഷത്തു നില്‍ക്കുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ തങ്ക ലിപികളില്‍ കുറിയ്ക്കപ്പെടും തീര്‍ച്ച.