ഈ പരിഭാഷയിൽ, 2014-04-02 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.
താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.
ഉബണ്ടു ചാരപ്പണി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ : എന്തുചെയ്യും?
എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍
വിദ്വേഷമുള്ള സോഫ്റ്റ്‌വെയറില്‍ നിന്ന് ഉപയോക്താക്കളെ സമൂഹം സംരക്ഷിക്കുമെന്നുള്ളത് സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ വലിയ ഗുണമാണ്. ഇപ്പോള്‍ ഉബണ്ടു ഗ്നു/ലിനക്സ് ഇതിന്റെ വിപരീത ഉദാഹരണമായി മാറുകയിരിക്കുന്നു. നാം ഇനി എന്തുചെയ്യും?
ഉപയോക്താക്കളോട് അധാര്‍മ്മികമായി പെരുമാറുന്ന ഒന്നാണ് കുത്തക സോഫ്റ്റ്‌വെയര്‍ ചാരപ്രോഗ്രാമുകള്‍, ഉപയോക്താക്കളെ നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ കൈവിലങ്ങ് (ഡിആര്‍എം. അഥവ: ഡിജിറ്റര്‍ റസ്‌ട്രിക്ഷന്‍ മാനേജ്മന്റ്), വിദൂരത്തിരുന്ന് നമ്മുടെ കമ്പ്യൂട്ടറില്‍ എന്തും ചെയ്യാന്‍ അവസരം നല്കുന്ന പിന്‍വാതില്‍. ഇതൊക്കെ ചെയ്യുന്ന ഏത് പ്രോഗ്രാമുകളേയും മാല്‍വെയര്‍ എന്ന് വിളിക്കാം. അതിനെ ആ രീതിയില്‍ തന്നെ കാണണം. ഈ എല്ലാ മൂന്ന് കാര്യങ്ങളും ചെയ്യുന്ന വലിയ ഉദാഹരണങ്ങളാണ് വിന്‍ഡോസ്, iThings, ആമസോണിന്റെ “കിന്‍ഡില്‍”. മാകിന്റോഷും പ്ലേസ്റ്റേഷന്‍ III യും ഡിആര്‍എം അടിച്ചേല്‍പ്പിക്കുന്നു. മിക്ക മൊബൈല്‍ ഫോണുകളും ചാരപ്പണി ചെയ്യുന്നതും പിന്‍വാതില്‍ ഉള്ളവയുമാണ്. അഡോബ് ഫ്ലാഷ് പ്ലെയര്‍ ചാരപ്പണി നടത്തുകയും ഡിആര്‍എം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. iThings ലേയും ആന്‍ഡ്രോയിഡിലേയും ധാരാളം ആപ്ലിക്കേഷനുകള്‍ ഇത്തരം ഒന്നിലധികം ചീത്തക്കാര്യങ്ങള്‍ ചെയ്യുന്നു.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അതിന്റെ ഉപയോക്താക്കളെ അധാര്‍മ്മിക സോഫ്റ്റ്‌വെയര്‍ സ്വഭാവങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ അവസരം നല്കുന്നു. സാധാരണ സമൂഹം ഓരോരുത്തവരേയും സംരക്ഷിക്കുന്നു. മിക്ക ഉപയോക്താക്കള്‍ക്കും അതിനായി ഒരെ ചെറുവിരല്‍ പോലും അനക്കേണ്ട കാര്യമില്ല. എങ്ങനെയെന്ന് പറയട്ടേ.
ഒരു സ്വതന്ത്ര പ്രോഗ്രാമില്‍ ദുഷിച്ച കോഡ് ഉണ്ടെന്ന് പ്രോഗ്രാമെഴുതാനറിയാവുന്ന ഉപയോക്താക്കള്‍ ആരെങ്കിലും കണ്ടുപിടിച്ചെന്നിരിക്കട്ടെ. അത് തിരുത്തി വീണ്ടും പ്രസിദ്ധീകരിക്കുക എന്നതാവും അവര്‍ ചെയ്യുന്ന അടുത്ത പണി. സ്വതന്ത്രസോഫ്റ്റ്‌വെയറിനെ നിര്‍വ്വചിക്കുന്ന 4 സ്വാതന്ത്ര്യങ്ങള്‍ (കാണുക http://www.gnu.org/philosophy/free-sw.html) കൈയ്യാളുന്ന അവര്‍ക്ക് അതിന് കഴിയും. ഇതിനെ പ്രോഗ്രാമിന്റെ “ശാഖ” എന്ന് വിളിക്കുന്നു. ഉടന്‍ തന്നെ സമൂഹം ദുഷിച്ച പഴയ പ്രോഗ്രാം തള്ളിക്കളഞ്ഞ്, ശരിയക്കിയ പ്രോഗ്രാം ഉപയോഗിച്ചു തുടങ്ങും. ഈ ലജ്ജാകരമായ തള്ളിക്കളയല്‍ മോശമായ കാര്യമായതുകൊണ്ട് മിക്കപ്പോഴും സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ ദുഷിച്ച കോഡിന്റെ കുത്തിക്കയറ്റത്തില്‍ നിന്ന് വിമുക്തമാണ്.
എന്നാല്‍ എപ്പോഴും ഇങ്ങനെയാവണമെന്നില്ല. ഉബണ്ടു വളരെ പ്രചാരമുള്ള സ്വാധീനമുള്ള ഗ്നു/ലിനക്സ് വിതരണമാണ്. അവര്‍ ചാരപ്പണിക്കുള്ള കോഡ് അതില്‍ സ്ഥാപിച്ചിട്ടുണ്ട്. ഉപയോക്താവ് സ്വന്തം കമ്പ്യൂട്ടര്‍ ഫയലില്‍ ഒരു വാക്ക് തിരഞ്ഞാല്‍ ഉബണ്ടു ആ വാക്ക് കനോണിക്കലിന്റെ ഒരു സെര്‍വ്വറിലേക്ക് അയച്ചുകൊടുക്കും. (ഉബണ്ടു വികസിപ്പിച്ച് പരിപാലിക്കുന്ന കമ്പനിയണ് കനോണിക്കല്‍)
വിന്‍ഡോസില്‍ ഞാന്‍ ആദ്യം കണ്ട ചാരപ്പണി പോലെയാണിത്. തന്റെ വിന്‍ഡോസ് കമ്പ്യൂട്ടറിലെ ഫയലില്‍ വാക്ക് തിരഞ്ഞപ്പോള്‍, അതേ വാക്ക് സെര്‍വ്വറിലേക്ക് അയക്കുന്നതായി എന്റെ സുഹൃത്ത് ഫ്രവിയ ഒരിക്കല്‍ എന്നോട് പറഞ്ഞു. അദ്ദേഹം ഉപയോഗിച്ച ഫയര്‍വാള്‍ ഈ വാക്ക് രേഖപ്പെടുത്തിയതില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ഇത് ആദ്യ സംഭവമായിരുന്നു. പിന്നീട് അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും, “ബഹുമാന്യരായ” പല കുത്തക സോഫ്റ്റ്‌വെയറുകള്‍ മാല്‍വെയര്‍ ആകുന്ന പ്രവണത പഠിക്കുകയും ചെയ്തു. ഒരുപക്ഷേ ഉബണ്ടുവും അതേ പോലെ വിവരങ്ങള്‍ സെര്‍വ്വറിലേക്കയക്കുന്നു എന്നത് യാദൃച്ഛികമല്ല.
തിരയല്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഉബണ്ടു പല പരസ്യങ്ങളും ആമസോണില്‍ നിന്ന് ഉപയോക്താക്കളെ കാണിക്കുന്നു. ആമസോണ്‍ ധാരാളം ചീത്ത കാര്യങ്ങള്‍ ചെയ്യുന്ന കമ്പനിയാണ്; ആമസോണിനെ പ്രചരിപ്പിക്കുന്നതുകൊണ്ട് കനോണിക്കലും അതില്‍ പങ്ക് ചേരുകയാണ്. പരസ്യം ശരിക്കും പ്രശ്നത്തിന്റെ കേന്ദ്രമല്ല. പ്രധാന പ്രശ്നം ചാരപ്പണിയാണ്. ആമസോണിനോട് ആര് എന്തിന് വേണ്ടി തിരഞ്ഞു എന്ന് പറയുന്നില്ല എന്നതാണ് കനോണിക്കലിന്റെ വാദം. എന്നാലും ആമസോണിനെ പോലെ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുക എന്നത് കനോണിക്കലിന് മോശമായ കാര്യമാണ്.
തീര്‍ച്ചയായും ആളുകള്‍ ചാരപ്പണിയില്ലാത്ത ഉബണ്ടു നിര്‍മ്മിക്കും. സത്യത്തില്‍ ധാരാളം ഗ്നു/ലിനക്സ് വിതരണങ്ങള്‍ ഉബണ്ടു പരിഷ്കരിച്ചുണ്ടാക്കിയതാണ്. ഉബണ്ടുവിന്റെ പുതിയ പതിപ്പ് വരുമ്പോഴും അവര്‍ അതും പരിഷ്കരിക്കും. കനോണിക്കല്‍ അത് തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ട്.
എപ്പോഴും മറ്റാരുടേയോ കോഡില്‍ വലിയ മാറ്റം വരുത്തി പരിഷ്കരിക്കുന്ന പരിപാടി കുറെ ആകുമ്പോള്‍ മിക്ക സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരും ഉപേക്ഷിക്കും. എന്നാല്‍ കനോണിക്കല്‍ ഉബണ്ടു ചാരസോഫ്റ്റ്‌വെയര്‍ ഉപേക്ഷിച്ചിട്ടില്ല. “ഉബണ്ടു” എന്ന പേരിന് ശക്തമായ സ്വാധീനമുള്ളതിനാല്‍ ചാരപ്പണിയുടെ സാധാരണയുള്ള പരിണതഫലങ്ങളില്‍ നിന്ന് രക്ഷ നേടാം എന്നാണ് കനോണിക്കല്‍ കരുതുന്നത്.
മറ്റ് മാര്‍ഗ്ഗങ്ങളുപയോഗിച്ചാണ് ഈ സൗകര്യങ്ങള്‍ തിരയുന്നതെന്ന് കനോണിക്കല്‍ പറയുന്നു. വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് പ്രശ്നത്തെ വലുതാക്കുകയോ ഇല്ലയോ എന്ന് മാത്രമേയുള്ളു. ഒരിക്കലും പ്രശ്നത്തെ ചെറുതാക്കുന്നില്ല.
ചാരപ്പണി നിര്‍ത്തിവെക്കാനുള്ള സ്വിച്ച് ഉപയോക്താക്കല്‍ക്ക് ഉബണ്ടു നല്കുന്നുണ്ട്. മിക്ക ഉപയോക്താക്കളും ഇത് തുടക്കത്തിലെ അവസ്ഥയില്‍ (ഓണ്‍) നിലനിര്‍ത്തുമെന്ന് കനോണിക്കലിന് അറിയാം. അതിനെക്കുറിച്ചെന്തെങ്കിലും ചെയ്യണമെന്ന് മിക്കവര്‍ക്കും അറിയില്ല. അതുകൊണ്ട് സ്വിച്ച് ഉണ്ടെന്ന് പറയുന്നതില്‍ വലിയ കാര്യമില്ല. ചാരപ്പണി നടന്നുകൊണ്ടിരിക്കും.
തുടക്കത്തിലെ അവസ്ഥ ഓഫ് ആണെങ്കില്‍ തന്നെ ഈ സൗകര്യം അപ്പോഴും അപകടകരമാണ്. “ഒരു പ്രാവശ്യം എല്ലാവര്‍ക്കും വേണ്ടി പ്രവേശിപ്പിക്കുക” അപകടകരമായ പ്രവര്‍ത്തിയാണ്. വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ അപകടത്തിന്റെ വലിപ്പം വ്യത്യാസപ്പെടുന്നു. ഉപയോക്താക്കളുടെ സ്വകാര്യത എളുപ്പത്തില്‍ നേടാവുന്ന കാര്യമാണ്. കമ്പ്യൂട്ടറിലെ തിരയല്‍ പ്രോഗ്രാമിന് നെറ്റ്‌വര്‍ക്കില്‍ തിരയാനും ശേഷിയുണ്ടെങ്കില്‍ ഉപയോക്താവാകണം നെറ്റ്‌വര്‍ക്കില്‍ തിരയണോ വേണ്ടയോ എന്ന തീരുമാനം എടുക്കാന്‍. എളുപ്പമാണ് അത്. നെറ്റ്‌വര്‍ക്കില്‍ തിരയാന്‍ വേറൊരു ബട്ടണ്‍ കൊടുക്കക. കമ്പ്യൂട്ടറിലെ തിരയലിന് മുമ്പ് ഉബണ്ടു ചെയ്തപോലെ ചെയ്യാം. ആര്‍ക്കെക്കെ വിവരങ്ങള്‍ പോകുന്നു എന്ന കാര്യം നെറ്റ്‌വര്‍ക്ക് തിരയല്‍ എന്ന സൗകര്യം,അതുപയോഗിച്ചാല്‍, വ്യക്തമായി ഉപയോക്താവിനെ ധരിപ്പിക്കുന്നു.
സമൂഹത്തിന്റെ അഭിപ്രായ നേതാക്കള്‍ ഈ പ്രശ്നത്തെ ഒരു വ്യക്തിപരമായ പ്രശ്നമായി കണ്ട് വലിയൊരു വിഭാഗം ആളുകള്‍ സ്വിച്ചുപയോഗിച്ച് ചാരപ്പണി നിര്‍ത്തി ഉബണ്ടു തുടര്‍ന്നും ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ കനോണിക്കലിന് അങ്ങനെ തന്നെ തുടര്‍ന്ന് പോകാം. എന്നാല്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തിന് ഒരു വലിയ നഷ്ടമാവും അത്.
മാല്‍വെയറിന് എതിരെയുള്ള ഒരു പ്രതിരോധം എന്ന നിലക്കാണ് സ്വതന്ത്രസോഫ്റ്റ്‌വെറിനെ ഞങ്ങള്‍ അവതരിപ്പിക്കുന്നത്. പരിപൂര്‍ണ്ണമായ ഒരു പ്രതിരോധവും ഇല്ല. മാല്‍വെയറിനെ അതുപോലെ സമൂഹം തടസ്സപ്പെടുത്തും എന്നും ഞങ്ങള്‍ കരുതുന്നില്ല. അതുകൊണ്ട് ഉബണ്ടുവിന്റെ ചാരപ്പണി ഉദാഹരണം ഞങ്ങള്‍ ഞങ്ങളുടെ വാക്കുകളെ വിഴുങ്ങുകയാണെന്ന് അര്‍ത്ഥമില്ല.
ഞങ്ങളില്‍ ചിലര്‍ വാക്കുകള്‍ വിഴുങ്ങി എന്നതിനേക്കാള്‍ വലുതാണ് നഷ്‌ടസാദ്ധ്യത. കുത്തക ചാരപ്പണി സോഫ്റ്റ്‌വെയറുകള്‍ക്കെതിരെ ഫലപ്രദമായ വാദം ഉപയോഗിക്കാന്‍ നമ്മുടെ സമൂഹത്തിന് കഴിയുമോ എന്നതാണ് പ്രശ്നം. “ഉബണ്ടു അല്ലാത്ത സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ നിങ്ങളുടെ മേല്‍ ചരപ്പണി ചെയ്യില്ല” എന്നത് “സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ നിങ്ങളുടെ മേല്‍ ചരപ്പണി ചെയ്യില്ല”എന്നതിനേക്കാള്‍ ദുര്‍ബലമായ ഒരു വാദമാണ്.
ഇത് നിര്‍ത്താന്‍ കനോണിക്കലിന് വേണ്ടി എന്ത് സഹായം ചെയ്യാനും ഞങ്ങള്‍ തയ്യാറാണ്. പക്ഷേ കനോണിക്കല്‍ പറയുന്ന ന്യായീകരണങ്ങള്‍ മതിയാവില്ല. ആമസോണില്‍ നിന്ന് കിട്ടുന്ന പണം മുഴുവനും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാല്‍ പോലും അത് ഉപയോക്താക്കളെ ദ്രോഹിക്കുന്ന നടപടി നിര്‍ത്താത്തത് വഴി സ്വതന്ത്രസോഫ്റ്റ്‌വെയറിന് നഷ്ടപ്പെടുന്നതിന് പകരമാവില്ല.
താങ്കള്‍ ഗ്നു/ലിനക്സ് പ്രോത്സാഹിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ താങ്കളുടെ വിതരണത്തില്‍ നിന്ന് ഉബണ്ടുവിനെ ഒഴുവാക്കുക. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നത് താങ്കളെ ഇതുവരെ ബോദ്ധ്യപ്പെടുത്തിയിട്ടില്ലെങ്കില്‍ ഈ പ്രശ്നം താങ്കളെ ബോദ്ധ്യപ്പെടുത്തുമെന്ന് കരുതുന്നു. ഇന്‍സ്റ്റാള്‍ മേളകള്‍, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ദിനം പരിപാടികള്‍, FLISOL പരിപാടികള്‍ തുടങ്ങിയവില്‍ ഉബണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. പകരം ഉബണ്ടു ഉപയോക്താക്കളെക്കുറിച്ച് ചാരപ്പണി ചെയ്യുന്നു എന്ന് ആളുകളോട് പറയുക.
അതോടൊപ്പം ഉബണ്ടുവില്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെന്നും അവരോട് പറയണം. (See http://www.gnu.org/distros/common-distros.html) സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ പ്രചരിപ്പിക്കുക വഴി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തിന് മേല്‍ ഉബണ്ടു നടത്തുന്ന ആക്രമണത്തിന് മറുപടിയാവട്ടെ ഇത്.